പ്രളയം തകർത്ത കുടുംബത്തിന് കൈത്താങ്ങുമായി കെ വി എസ് ട്രസ്റ്റ്
2019 ഒക്ടോബർ 8 ന് കുളത്തുമൺ എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ നടത്തിയ ഒരു പ്രോഗ്രാമിൽ വെച്ചാണ് ആദ്യമായി അതിരുങ്കൽ മുറ്റാക്കുഴിയിൽ ശ്രീ. ബിജുവിനെ ട്രസ്റ്റ് പ്രതിനിധികൾ പരിചയപ്പെടുന്നത്. 2018 ലെ പ്രളയത്തിലാണ് ബിജുവും അദ്ദേഹത്തിന്റെ ഏഴു വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടുന്ന കുടുംബം താമസിച്ചിരുന്ന വീടും പുരയിടവും നഷ്ടപ്പെടുന്നത്. തുടർന്ന് സർക്കാരിന്റെ ഭാഗത്തു നിന്ന് ലഭിച്ച പണം കൊണ്ട് വീട് പുനഃനിർമ്മാണം പൂർത്തിയാക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന കുടുംബമായതിനാൽ അയൽവാസികളുടേയും ബന്ധുമിത്രാദികളുടെയും സഹായത്തോട് കൂടിയായിരുന്നു വീടിന്റെ പണി പുരോഗമിച്ചിരുന്നത്. കെട്ടിടത്തിന്റെ പണി കഴിഞ്ഞുവെങ്കിലും വീട് താമസ യോഗ്യമാകുവാൻ കതകുകൾ, ജനാലകൾ, ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ് വർക്കുകൾ കൂടി ചെയ്യേണ്ടതുണ്ട്. ഇതിലേക്ക് ആവശ്യമായ സഹായം അഭ്യർത്ഥിച്ചാണ് അദ്ദേഹം ഞങ്ങളെ സമീപിച്ചത്. അദ്ദേഹത്തിൻറെയും കുടുംബത്തിൻറെയും അവസ്ഥ വിശകലനം ചെയ്‌തതിന് ശേഷം വീടിന്റെ മുഴുവൻ ഇലക്ട്രിക്കൽ, പ്ലംബിംഗ് വർക്കുകൾക്ക് ആവശ്യമായ സാധനങ്ങൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ വാങ്ങി നൽകുവാൻ തീരുമാനം ആയി. 50,000 രൂപയോളം വിലമതിക്കുന്ന സാധനങ്ങൾ പത്തനാപുരത്തെ ട്രസ്റ്റിന്റെ ഓഫീസിൽ വെച്ച് ബിജുവും പാടം നിവാസിയായ അദ്ദേഹത്തിന്റെ ഭാര്യ പിതാവ് രവീന്ദ്രനും ചേർന്ന് കൈപ്പറ്റി.